Friday, May 20, 2005

പഥികന്‍

അറിവിന്‍റെ ആദ്യാക്ഷരം നല്കിയ
ഈ ഗ്രാമമെനിയ്ക്കിന്നന്യമായ് പോകയോ
പതിറ്റാണ്ടു മുമ്പാ കൊച്ചു
പള്ളിക്കൂടത്തോടു യാത്ര പറയവേ
നിനച്ചില്ല ഞാന്‍ വീണ്ടുമീ --
ഗ്രാമ വീഥിയിലൂടാവുമെന്‍റെ
ശേഷിച്ച ജീവിതയാത്രയെന്ന്

ദീര്‍‌ഘമാമൊരു ഇടവേളയ്ക്കുശേഷം
വശ്യമാം ഈ ഗ്രാമമെന്നെ വീണ്ടും
ഹൃദ്യമായ് വരവേല്ക്കവേ
പഴയ സതീര്‍ത്ഥ്യരില്‍ പലര്‍ക്കും
ഞാനന്യനായ് തീര്‍ന്നിരുന്നു
പൊട്ടിയ ഇഴകള്‍ വീണ്ടുമിഴചേര്‍‌ത്തൊരു
ഉല്ലാസയാത്ര മധുരമാം
സ്മരണകളിലിന്നുമവശേഷിക്കുന്നു.
ഉല്ലാസരായൊരുമിച്ച് ഹൃസ്വമാമൊരു
യാത്ര
കോതച്ചിറതന്‍ പുല്‍‌മേട്ടിലേക്ക്
പാറക്കൂട്ടങ്ങളെ തഴുകി വരുമരുവിയില്‍

കളിയാടി രസിച്ചതും
പാതവക്കത്തെ മരത്തണലി
രുന്നാഹാരം കഴിച്ചതും
കലശമലകുന്നിന്‍ ചെരുവില്‍
കരിംപാറപുറത്തുച്ച മയക്കവും കഴിഞ്ഞ്
കശപിശ കൂടവേ
അറ്റവേനലിലുറവ നല്കും
തണ്ണീര്‍ക്കുടവുമേന്തി പോകും
മങ്കമാരെ കളിയാക്കിരസിച്ചതും
അര്‍ക്കനസ്തമിക്കും വേളയില്‍
അന്തിച്ചോപ്പില്‍ മു‌‌ങ്ങിയ
നരിമടതന്‍ നിഗൂഢത ദര്‍ശിച്ചതും
ഇരുള്‍ മൂടിടും ഗ്രാമത്തിലേക്ക്
തിരിച്ചുള്ള യാത്രയും
പുലര്‍ കാലവേളയില്‍
കൂട്ടുകാരൊന്നിച്ച്
പടിയിറങ്ങി കശുമാവിന്‍
ശീതളഛായയില്‍
ഞാവല്‍പഴത്തിന്‍ മാധുര്യം നുണഞ്ഞ്
ഓപാലിന്‍ മതിലിലിരുന്ന് ചതുരംഗം
കളിച്ചതും
രാത്രിയുടെ മറവില്‍ പതുങ്ങി
വൈകിയേതോ യാമത്തില്‍
വീട്ടിലെത്തവേ
അമ്മതന്‍ ശകാരവര്‍ഷവും
എല്ലാം എല്ലാം പൊയ്പോയകാലത്തിന്‍
മധുരമാംസ്മരണകളായിന്നവശേഷിക്കവേ
മറ്റൊരു ശാന്തിതീരമെനിക്ക്‌സ്വാന്തനമേകുന്നു
നിസ്സഹായനായ് ഈ തീരങ്ങളില്‍
ഞാന്‍ നോക്കി നില്ക്കവേ
എന്‍ പാദങ്ങളെ പുണരുമീ
നിളയുടെ ഓളങ്ങളില്‍
നിറവാര്‍‌ന്നൊരു സൗഹൃദം കണി
കാണുന്നു ഞാന്‍
ഏകാകിയായ് അലയുന്ന വേളയില്‍ ,
ആര്‍ദ്രമാം ആഴിയിലൊടുങ്ങുമെന്‍
നിളാനദീ , നിന്‍ സാമീപ്യമെനിക്കേകിയ
ഹൃദ്യമാം സൗഹൃദം
ൠതുക്കളേറെ കഴിഞ്ഞീടിലും
വിസ്മരിക്കില്ല ഞാന്‍
ഈ മണല്‍പരപ്പും കുളിര്‍കാറ്റും
നിന്‍ കളമൊഴിയും മന്ദസ്മിതവും
എനിക്കലിവാര്‍ന്ന
സ്വാന്തനമേവുന്നുവെങ്കിലും
കൊതിക്കുന്നു ഞാന്‍ എന്‍ ഗ്രാമവീഥികള്‍
സഹപാഠികള്‍ കൂട്ടുകാരിവര്‍‌ക്കെല്ലാം
പ്രിയനായ് മാറുവാന്‍